Thursday, May 15, 2008

വാവലുകളുടെ നാട്‌

മരമാണത്രെ?! ഗാത്രം മാത്രം,
നിരയായ്‌ കനിപോല്‍ ചില്ലകളില്‍.
കറുത്തകനികള്‍ കടിച്ചുതൂങ്ങും,
ചിറകും വീശി പാറും ചീറും.

പരിമളമില്ല പരഗവുമില്ല,

തളിരില പൊട്ടാന്‍ മുകുളവുമില്ല,
പട്ടകള്‍പോയി നഗ്നതയായി,
ചില്ലകള്‍ ചുള്ളിക്കമ്പുകളായി.

തണലും തേടിജീവികളേതും
അണയുകയില്ല കൂടുകള്‍ കൂട്ടാന്‍ ,
ചില്ലകള്‍ തോറും ചഞ്ചാടാനൊരു
ചെല്ലക്കിളിയും പ്രണിയുമില്ല.
കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന്‍ സൂതരിവര്‍ വാവലുകള്‍
പരതിനടപ്പൂജനസേവകരായ്‌
മരമീകേരളനാടിനു തുല്ല്യം!?

ഹൃദയം പൂട്ടി തിറകള്‍തുള്ളും,
ഉദരം മൂലം പ്രണവം പാടും,
കരുണം നാവില്‍ കടലായിളകും,
കോരന്‍ പാളകള്‍ തേടിനടപ്പൂ.
കഥകള്‍ പറയും, കണ്‍കള്‍ മൂടും,
വ്യഥകള്‍ തീര്‍ക്കുംസാംസ്കാരികരും,
കവിതകള്‍ ചൊല്ലും കണ്ണീ-
രാവിപ്പുകയായ്‌ കാര്‍മുകിലായ്‌,
ശക്തികളാകും സംഘടിതര്‍ബദല്‍
ശക്തികളായ്‌ വിധവര്‍ണ്ണങ്ങള്‍.

ജാതിവിഭാഗം,മതവും നാവും,
അധികാരം,സര്‍വ്വംസംവരണം!
ഇരുളും വാനം, ഉരുളുംതലകള്‍,
കരയുംജീവന്നുധിരും രുധിരം.

ചരിതം എഴുതും കൊടിതന്‍ വര്‍ണ്ണം
മരണംവിതറും കൊടുവാള്‍ത്തലകള്‍.
ശിഷ്യനുമുന്നില്‍ ഗുരുഹത്യ
പെറ്റമ്മയ്കഭിഷേകത്തിനു പുത്രനിണം.

അണികള്‍പിന്നക്രമികള്‍,പി-
ന്നണിയില്‍ കുത്സിതമസ്തകവും.
കൊടികള്‍,കോടകള്‍ കൃഷിഭൂമികളില്‍,
കോടതിന്യായം നീളേനീളേ.
പുകയുംവൈരം,പുറമെ പുഞ്ചിരി
പകയുമന്ധതസാക്ഷരത!!

മദ്യം,ഭീകര മാധ്യമ ഭരണം
മദ്ധ്യേ പൊതുജനം മൂകസാക്ഷി,
കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന്‍ സൂതരിവര്‍ വാവലുകള്‍
പരതിനടപ്പൂജനസേവനമായ്‌
മരണം കേരളനാടിനുനല്‍കും!!.